ഛത്തീസ്ഗഡിൽ മാവോവാദി ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.


റായ്പൂര്‍:
 ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദി ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഒമ്പതു സൈനികര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ഛത്തീസ്ഗഡില്‍ മാവോവാദികള്‍ക്കായി നടത്തിയ തിരച്ചിലിനിടെ സ്ഫോടകവസ്തു(ഐഇഡി) പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബസ്തര്‍ റേഞ്ച് ഐജി പി സുന്ദര്‍രാജ് പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിന്‍ ഭലെറാവു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭലെറാവു ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ് മരിച്ചതെന്ന് സിആര്‍പിഎഫ് വക്താവ് അറിയിച്ചു.

പരിക്കേറ്റ സൈനികരെ ഹെലികോപ്ടറുടെ സഹായത്തോടെ ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് റാങ്ക് ഓഫിസര്‍ ദിനേശ് സിങ് ഉള്‍പ്പെടെ പരിക്കേറ്റ എല്ലാവരെയും പ്രാദേശിക ആശുപത്രിയിലും പിന്നീട് വിദഗ്ധചികില്‍സയ്ക്കായി റായ്പൂരിലെ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു