ഛത്തീസ്ഗഡിലെ നക്സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 22 ആയി.
റായ്പുര്‍: ഛത്തീസ്ഗഡിലെ നക്സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 22 ആയി. ഞായറാഴ്ച 14 ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നിരവധി സൈനികരെ ഇനിയും കണ്ടെത്താനുണ്ട്.
പരിക്കേറ്റ ഇരുപതിലധികം ജവാന്മാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സുരക്ഷാ സേനയും നക്സലൈറ്റുകളും ബിജാപുരില്‍ ഏറ്റുമുട്ടല്‍ നടന്നത്. 15 നക്സലൈറ്റുകളെ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതല്‍ നക്സലൈറ്റുകള്‍ ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ബിജാപുരിലെ വനമേഖലയില്‍ 2000 സൈനികര്‍ തെരച്ചില്‍ നടത്തുകയാണ്.
ശനിയാഴ്ച സുക്മ-ബിജാപുർ അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ മാവോവാദികൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടു. ഏറ്റുമുട്ടലിൽ 15ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.