ജനനായകന് ഇന്ന് 76-ന്റെ നിറവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 വയസ് തികഞ്ഞു. പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന അപൂര്‍വതയും ഇന്നുണ്ട്.

1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂർ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകൻ. ചെഞ്ചോര കൊടിയുമേന്തി പിണറായി വിജയനെന്ന പേരായി ആളിപിടിച്ച യൗവനം. നേതൃപാടവവും സംഘാടനശേഷിയും പിണറായി വിജയനെ സിപിഎം എന്നതിന്റെ പര്യായമാക്കി.

ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്‍റെ നിറവിലാണ് ഇപ്രാവശ്യത്തെ പിറന്നാള്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.

5 വര്‍ഷം മുന്‍പ് അതായത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്‍റെ ജന്‍മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്.