ചരിത്രത്തിൽ ഇന്ന് ജനുവരി 3

സ്റ്റേറ്റ് ഓഫ് അലാസ്‌ക രൂപീകൃതമായി

അമേരിക്കന്‍ ഐക്യനാടുകളിലെ നാല്‍പ്പത്തിയൊമ്പതാം സംസ്ഥാനമായ  സ്റ്റേറ്റ് ഓഫ് അലാസ്‌ക രൂപീകൃതമായിട്ട് 61 വര്‍ഷംപൂര്‍ത്തിയാവുന്നു.ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അലാസ്‌ക. എന്നാല്‍ ജനവാസ്യയോഗ്യമായ പ്രദേശങ്ങള്‍ കുറവായതിനാല്‍ ജനസംഖ്യയനുസരിച്ച് നാല്‍പ്പത്തിയേഴാം സ്ഥാനമേ ഇതിനുള്ളൂ. അമേരിക്കയുടെ പ്രധാന ഭൂപ്രദേശത്തുനിന്നു മാറി സ്ഥിതി ചെയ്യുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണിത്.അമേരിക്കയേക്കാള്‍ ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരമായ സാമീപ്യം കാനഡയോടും റഷ്യയോടുമാണ്. 1959ല്‍ ആണ് അലാസ്‌കയ്ക്ക് സംസ്ഥാനപദവി ലഭിച്ചത്. ജുന്യൂ നഗരമാണ് തലസ്ഥാനം.

ചാവറയച്ചന്റെ ഓര്‍മ്മകള്‍ക്ക് 149 വയസ്സ്

കുര്യാക്കോസ് ഏലിയാസ് ചാവറ


കേരളത്തിലെ നവോത്ഥാന സമരങ്ങള്‍  നേതൃത്വം നല്‍കിയ കുര്യാക്കോസ് ഏലിയാസ് ചാവറ എന്ന ചാവറയച്ചന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 149 വയസ്സ്.
 1871 ജനുവരി 3 നാണ് അദ്ദേഹം അന്തരിച്ചത്.സീറോ മലബാര്‍ കത്തോലിക്ക സഭയിലെ സി.എം.ഐ  സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ  സുപ്പീരിയര്‍ ജനറലുമായിരുന്നു.  സാമുദായ പരിഷ്‌കര്‍ത്താവ് ,വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ചാവറയച്ചന്‍ ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ ആയി പ്രഖ്യാപിച്ചു. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം പരിശ്രമിച്ചു. 1864ല്‍ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറല്‍ ആയിരിക്കവേ അദ്ദേഹം പള്ളികള്‍ക്കൊപ്പവും വിദ്യാലയങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചിട്ടുണ്ട്. 2014 നവംബര്‍ 23-ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചാവറയച്ചനെ വിശുദ്ധന്‍ എന്ന് നാമകരണം ചെയ്തു.