ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്: പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചർച്ച ചെയ്തേക്കും

നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചർച്ച ചെയ്തേക്കും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം എതിർപ്പ് പ്രകടിപ്പിക്കും. തമിഴ്നാട്, ബം​ഗാൾ, രാജസ്ഥാൻ അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ ഒപ്പം നിർത്താൻ കേരളം ശ്രമിക്കും.


പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പൻചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചത്.
എന്നാൽ തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനി പിന്നോട്ട് പോക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

പലഘട്ടത്തിലും വാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ആലോചിക്കാതെ പല സംസ്ഥാനങ്ങളും വലിയ രീതിയിലുള്ള നികുതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് ഇത് കാരണമായെന്നും ഇന്ധന വില കുറയ്ക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുന്നതെന്നും കേന്ദ്ര സർക്കാർ പറയുന്നു. ആദ്യ ഘട്ടത്തിൽ ഏവിയേഷൻ ഫ്യുവലായിരിക്കും ഈ പരിധിയിൽ വരികയെന്നാണ് റിപ്പോർട്ട്.