ജില്ലയിലെ രണ്ട് സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നവകേരളം കർമ്മ പദ്ധതി 2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടായ ഒരു കോടി രൂപ വീതം ചെലവഴിച്ച് നിർമ്മിച്ച ജില്ലയിലെ രണ്ട് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച (ഫെബ്രുവരി 10) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ചുണ്ടങ്ങാപ്പൊയിൽ ജി എച്ച് എസ് എസ്, പെരിങ്ങോം ജി എച്ച് എസ് എസ് എന്നീ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുക. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ അഡ്വ. കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. ആന്റണി രാജു, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, കെ രാധാകൃഷ്ണൻ, വീണാ ജോർജ്ജ്, ജെ ചിഞ്ചുറാണി എന്നിവരും അടൂർ പ്രകാശ് എം പിയും വിശിഷ്ടാതിഥികളാകും.
ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളിൽ ഇരുനില കെട്ടിടമാണ് നിർമ്മിച്ചത്. താഴത്തെ നിലയിൽ നാലു ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടു ടോയ്‌ലറ്റ് ബ്ലോക്കുകളും ഒന്നാം നിലയിൽ രണ്ടു ക്ലാസ് മുറികളും ആൺകുട്ടികൾക്കായി ഒരു ടോയ്‌ലറ്റ് ബ്ലോക്കുമാണ് ഒരുക്കിയിട്ടുള്ളത്. പെരിങ്ങോം ജി എച്ച് എസ് എസിൽ ഇരുനിലകളിലായി നാലു ക്ലാസ് മുറികളും ഒരു ടോയ്‌ലറ്റ് ബ്ലോക്ക് വീതവുമാണ് നിർമ്മിച്ചിട്ടുള്ളത്.
കിഫ്ബി, പ്ലാൻ ഫണ്ട്്, മറ്റ് ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത്് പുതുതായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് വ്യാഴാഴ്ച നടക്കുക.