ജില്ലയില്‍ 10 സി എഫ് എല്‍ ടി സി കള്‍ സജ്ജം

കൊവിഡ് രോഗികള്‍ അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 10 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകള്‍ സജ്ജമാക്കി. ഇതില്‍ രണ്ടെണ്ണത്തില്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. ചെറിയ രോഗലക്ഷണങ്ങളുള്ള ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നതിനു വേണ്ടിയാണ് സി എഫ് എല്‍ ടി സികള്‍ തുറക്കുന്നത്.
കോറോം വിമന്‍സ് പോളി ടെക്‌നിക് ഹോസ്റ്റല്‍ (100), പെരിങ്ങോം ഗവ. കോളേജ്, (പഴയ ബ്ലോക്ക്) (50), പരിയാരം ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍ (100), കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (100), കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (80), മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം (300), പാലയാട് ഡയറ്റ് ഹോസ്റ്റല്‍ (85), പാലയാട് ലീഗല്‍ സ്റ്റഡീസ് ഹോസ്റ്റല്‍ (50),

പിണറായി അങ്കണവാടി വര്‍ക്കേഴ്‌സ് ട്രെയിനിങ് സെന്റര്‍ (70), പേരാവൂര്‍ മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍(100) എന്നിവയാണ് കൊവിഡിന്റെ രണ്ടാം വരവില്‍ സജ്ജമാക്കിയിട്ടുള്ള സി എഫ് എല്‍ ടി സികള്‍. ഇതില്‍ കോറോം വിമന്‍സ് പോളി ടെക്‌നിക് ഹോസ്റ്റല്‍, പിണറായി അങ്കണവാടി വര്‍ക്കേഴ്‌സ് ട്രെയിനിങ് സെന്റര്‍ എന്നീ സെന്ററുകളില്‍ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി. പാലയാട് ഡയറ്റ് ഹോസ്റ്റല്‍, പരിയാരം ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍, പേരാവൂര്‍ മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ എന്നീ സി എഫ് എല്‍ ടി സി കള്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയുംവിധം സജ്ജമാക്കി. മറ്റുള്ള അഞ്ച് സി എഫ് എല്‍ ടി സികള്‍ ഘട്ടം ഘട്ടമായി പ്രവര്‍ത്തനം ആരംഭിക്കും.
ആകെ 1035 ബെഡുകളാണ് ഈ കേന്ദ്രങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഒരുക്കിയിട്ടുള്ളത് . കാറ്റഗറി എ യില്‍ വരുന്ന ഗുരുതരമല്ലാത്ത രോഗലക്ഷണമുള്ള കോവിഡ് രോഗികളെയാണ് സി എഫ് എല്‍ ടി സികളില്‍ പ്രവേശിപ്പിക്കുന്നത് .

കാറ്റഗറി ബി യില്‍ വരുന്ന നിസ്സാരമല്ലാത്ത രോഗലക്ഷണമുള്ള രോഗികളെ ചികിത്സിക്കുന്നതിന് തളിപ്പറമ്പ താലൂക്കാശുപത്രി, ഇരിട്ടി താലൂക്കാശുപത്രി, സാമൂഹ്യാരോഗ്യകേന്ദ്രം കരിവെള്ളൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍(സി എസ് എല്‍ ടി സി) ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും.
കൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് അസൗകര്യമുള്ള, രോഗലക്ഷണങ്ങളിലില്ലാത്ത കോവിഡ് പോസിറ്റീവ് ആയവരെ മാറ്റിതാമസിപ്പിക്കുന്നതിനുവേണ്ടി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 130 ഡൊമിസിലറി കെയര്‍ സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട് . അവശ്യ ഘട്ടത്തില്‍ ഇവ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.