ജില്ലയിൽ സ്വകാര്യ വ്യവസായ പാർക്കുകൾ വരുന്നു; ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി
സർക്കാരിന്റെ വ്യവസായ നയങ്ങളുടെ ഭാഗമായി ജില്ലയിൽ സ്വകാര്യ വ്യവസായ പാർക്കുകൾ വരുന്നു. പരിയാരം ഗ്രാമ പഞ്ചായത്തിൽ ഭക്ഷ്യ വ്യവസായ പാർക്ക് ആരംഭിക്കാൻ തളിപ്പറമ്പ ആസ്ഥാനമായ പ്രവാസി കേരളീയരുടെ കൂട്ടായ്മ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വി എം പി എസ് ഫുഡ് പാർക്ക് ആന്റ് വെൻച്വേഴ്സ് ലിമിറ്റഡ് കമ്പനിയുടെ സ്ഥലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കിൻഫ്ര ഉൾപ്പെടെയുളള ഉദ്യോഗസ്ഥ സംഘം പ്രാഥമിക പരിശോധന നടത്തി. സ്വകാര്യ വ്യവസായ പാർക്കിനായുള്ള പദ്ധതിയിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്വകാര്യ മേഖലയിൽ 10 ഏക്കറോ അതിൽ കൂടുതലോ വരുന്ന ഭൂമി വ്യവസായ പാർക്കുകൾക്കും അഞ്ച് ഏക്കർ ഭൂമിയുളള ബഹുനില വ്യവസായ സമുച്ചയങ്ങളോ ആണ് പരിഗണിക്കുക. സ്വകാര്യ സംരംഭകരുടെ സ്ഥലത്ത്് റോഡ്, വൈദ്യുതി, വെളളം, അഴുക്കുചാൽ, പൊതുസേവനകേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് മുടക്കുന്ന തുകയിൽ ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ സഹായമായി നൽകും. ഭാവിയിൽ തിരിച്ച് കിട്ടുന്ന രീതിയാലണ് സഹായം ലഭ്യമാക്കുക.
സ്വകാര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ, പാട്ണർഷിപ്പ് സ്ഥാപനങ്ങൾ, എംഎസ്എം ഇ കൺസോഷ്യങ്ങൾ എന്നിവയ്ക്കാണ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ അവസരം. ഈ സ്ഥലം വാഹന ഷോറൂമുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, മാളുകൾ, റീട്ടെയിൽ ഉപഭോക്താക്കൾക്ക് വിൽക്കുന്നതോ സേവനം നൽകുന്നതോ ആയ ഔട്ലെറ്റുകൾ എന്നിവ ആരംഭിക്കാൻ സഹായം ലഭിക്കില്ല.
അപേക്ഷ ലഭിച്ചാൽ ഭൂമി, പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പരിശോധിച്ച് വ്യവസായം, ധനകാര്യം, റവന്യു, തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ സർക്കാർ സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മറ്റി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാകും പാർക്കുകളുടെ അന്തിമാനുമതി. ഭൂമിയുടെ അനുയോജ്യത, വൈദ്യുതി ലഭ്യത, ജല ലഭ്യത എന്നിവ പരിഗണിച്ചും അംഗീകാരം ലഭിച്ച് രണ്ടു വർഷത്തിനുളളിലുളള നിർദിഷ്ട വികസനം നടപ്പാക്കുന്നതിനുളള അപേക്ഷകന്റെ സാമ്പത്തികവും സാങ്കേതികവുമായ കഴിവ് പരിഗണിച്ചായിരിക്കും കമ്മിറ്റി അനുമതിക്കായി ശുപാർശ നൽകുക. പദ്ധതിക്ക് തെരഞ്ഞെടുക്കുന്ന ഭൂമി തോട്ടങ്ങൾ, വയലുകൾ എന്നിവയാകാൻ പാടില്ല. അപേക്ഷ സ്വീകരിച്ച് 30 ദിവസത്തിനകം തീരുമാനം കൈക്കൊളളണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.