ജില്ലാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐസിയുവില്‍ ജനറേറ്റര്‍ സ്ഥാപിക്കും
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐസിയുവില്‍ ജനറേറ്റര്‍ സ്ഥാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. അഴീക്കോട്, മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ജല ഗുണപരിശോധന ലാബ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ (എന്‍എച്ച് പി) സഹായത്തോടെയാണ് ഇത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 11 സ്‌കൂളുകളുകളിലും ലാബ് സ്ഥാപിക്കും. ഗ്രാമീണ മേഖലയിലെ 140 റോഡുകളുടെയും 30 ജില്ലാ പഞ്ചായത്ത് റോഡുകളുടെയും പുനരുദ്ധരാണ പ്രവൃത്തി നടത്താനും യോഗം തീരുമാനിച്ചു. കാര്‍ബണ്‍ ന്യൂട്രണ്‍ ജില്ല ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലിറ്റില്‍ ഫോറസ്്റ്റ് പദ്ധതിയുടെ ഭാഗമായി ലഭിച്ച 50 അപേക്ഷകളില്‍ നിന്ന് 30 എണ്ണം തെരഞ്ഞെടുത്തു. ഇവിടെ പദ്ധതി നടപ്പാക്കാന്‍ യോഗം അംഗീകാരം നല്‍കി.
പൊതുമരാമത്ത്, വികസനം, ക്ഷേമം, വിദ്യാഭ്യാസ- ആരോഗ്യം മേഖലകളിലെ വിവിധ പദ്ധതികളാണ് യോഗം ചര്‍ച്ച ചെയ്തത്. പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.