ജീവനക്കാരുടെ കുറവ്; പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായേക്കും

സംസ്ഥാനത്ത് ചൊവ്വാഴ്ച വിരമിച്ച 11,100 സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിലാകും. കേന്ദ്രസർക്കാരിന് കീഴിലുള്ള അക്കൗണ്ടൻറ് ജനറലിൻറെ ഓഫീസുകളിലെ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം. നിലവിൽ അനുവദിച്ച ജീവനക്കാരിൽ 46 ശതമാനം മാത്രമാണ് സംസ്ഥാനത്തെ എജി ഓഫീസുകളിലുള്ളത്. ചൊവ്വാഴ്ച മാത്രം 40 ജീവനക്കാരാണ് ഇവിടെ നിന്ന് വിരമിച്ചത്. ജൂലൈയോടെ ജീവനക്കാരുടെ എണ്ണം 38 ശതമാനമായി കുറയും. ജീവനക്കാരുടെ കുറവ് കാരണം പെൻഷൻ നിശ്ചയിക്കുന്ന പ്രക്രിയ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നു.

തുടർന്നാണ് താൽക്കാലിക നടപടികൾ സ്വീകരിച്ചത്. മെയ് 31ന് വിരമിച്ച 20 ജീവനക്കാരോട് ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ തൃശൂരിൽ ഏഴ് ജീവനക്കാരെയും കോഴിക്കോട് അഞ്ച് ജീവനക്കാരെയും തിരുവനന്തപുരത്ത് താത്കാലികമായി നിയമിച്ചിട്ടുണ്ട്. തൽക്കാലം പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചാണ് പെൻഷൻ നിശ്ചയിക്കുന്ന പ്രക്രിയ നടത്തുന്നത്.

സംസ്ഥാനത്തെ എ.ജിയുടെ ഓഫീസുകളിൽ 1519 തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിലും 702 ജീവനക്കാർ മാത്രമാണുള്ളത്. 2019 ൻ ശേഷം വിരമിച്ച സീനിയർ അക്കൗണ്ട്സ്, ഓഡിറ്റ് ഓഫീസർമാർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടില്ല. ഇതുകൂടാതെ പെൻഷൻ പ്രായം ഉയർത്തുമെന്ന പ്രതീക്ഷയിൽ സംസ്ഥാന ജീവനക്കാരും ഇത്തവണ പെൻഷൻ അപേക്ഷിക്കാൻ വൈകിയിരുന്നു. പെൻഷൻ തീയതിക്ക് ആറ് മാസം മുമ്പ് സമർപ്പിക്കാനിരുന്ന അപേക്ഷയിൽ വൻ കാലതാമസം നേരിട്ടതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്.