ജീവനക്കാർക്ക് മലയാളം സംസാരിക്കുന്നതിനു വിലക്കുമായി ഡൽഹിയിലെ ആശുപത്രി

ന്യൂഡൽഹി: ജീവനക്കാർക്ക് മലയാളം സംസാരിക്കുന്നതിനു വിലക്കുമായി ഡൽഹിയിലെ ആശുപത്രി. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ജി.ബി. പന്ത് ആശുപത്രിയിലാണു നഴ്സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതു വിലക്കി നഴ്സിങ് സൂപ്രണ്ട് സർക്കുലർ ഇറക്കിയത്.

നിർദേശം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സർക്കുലർ മുന്നറിയിപ്പു നൽകുന്നുണ്ട്

സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒട്ടേറെ മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ആശയവിനിമയം നടത്തുന്നതു മലയാളത്തിലുമാണ്.

ഇതിനെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നഴ്സിങ് സൂപ്രണ്ടിന്റെ സർക്കുലർ. ജോലിസ്ഥലത്തു മലയാളം കേൾക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമാണ് നിർദേശം.