ജീവന്‍ രക്ഷിക്കൂ… ആരോഗ്യം കാക്കൂ…

നിത്യജീവിതത്തില്‍ രക്തം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. സന്നദ്ധ രക്തദാതാക്കള്‍ രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിടൊപ്പം ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ശക്തി കൂടിയാണ് ആര്‍ജ്ജിക്കുന്നത്. സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഒരു യൂണിറ്റ് രക്തം ഘടകങ്ങളാക്കി നാലുപേരുടെ ജീവന്‍വരെ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. 18 നും 65 നും മധ്യേ പ്രായവും കുറഞ്ഞത് 45 കിലോ ഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവിനും ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു.

ഓരോ പ്രാവശ്യം രക്തം ദാനം ചെയ്യുമ്പോഴും 5 രോഗങ്ങള്‍ക്ക് (എച്ച് ഐ.വി, ഹെപ്പറ്റെറ്റിസ് ബി ,ഹെപ്പറ്റെറ്റിസ് സി ,സിഫിലിസ് , മലേറിയ) വേണ്ടിയുള്ള രക്ത പരിശോധന നടത്തുന്നതാണ്. കൂടാതെരക്തദാനം ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുന്നു. രക്തദാനം രക്തത്തിലെ കൊഴുപ്പിന്റെ അളവിനെ കുറക്കുകയും അതുവഴി രക്ത ചംക്രമണ വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യുന്നു. പുതിയ രക്ത കോശങ്ങള്‍ രൂപപ്പെടുന്നതിനും രക്തദാനം സഹായകരമാകുന്നു.

സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്ത ബാങ്കുകളിലും രക്തദാന ക്യാമ്പുകളിലും രക്തം ദാനം ചെയ്യാവുന്നതാണ്. സന്നദ്ധ രക്തദാന പ്രോത്സാഹന പരിപാടിയുടെ, ഭാഗമായി ബ്ലഡ് മൊബൈല്‍ അഥവാ സഞ്ചരിക്കുന്ന രക്തബാങ്ക് എന്ന ഒരു ശീതീകരിച്ച ബസ്സും സന്നദ്ധ രക്തദാതാക്കളില്‍ നിന്നും രക്തശേഖരണം നടത്തുന്നുണ്ട്. കൂടാതെ രക്തദാന ക്യാമ്പുകളില്‍ നിന്നും ശേഖരിക്കുന്ന രക്തം രക്തബാങ്കുകളില്‍ എത്തിക്കുന്നതിനുവേണ്ടി എല്ലാ ജില്ലകളിലും ബ്ലഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാഹനങ്ങളുടെ സേവനവും ലഭ്യമാണ്.
വിവിധ പ്രദേശങ്ങളില്‍ രക്തദാനക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും, രക്തദാതാക്കള്‍ക്കുള്ള ലഘുഭക്ഷണം നല്‍കുന്നതിനുമുള്ള തുക കെഎസ്എസിഎസ് സര്‍ക്കാര്‍ മേഖലയിലെ രക്ത ബാങ്കുകള്‍ക്ക് നല്‍കി വരുന്നുണ്ട്.