ജൂണ്‍ 1 ന് തന്നെ മണ്‍സൂണ്‍ എത്തുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ആരംഭിച്ചേക്കും. തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജൂൺ ഒന്നിന് ആരംഭിക്കുമെന്നാണ് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം അറിയിക്കുന്നത്. ഇത് നിലവിലെ സൂചനകള്‍ പരിഗണിച്ചുള്ള സൂചനയാണെന്നും ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ (MoES) സെക്രട്ടറിയും കാലാവസ്ഥാ നിരീക്ഷകനുമായ എം. രാജീവൻ വ്യക്തമാക്കി. മെയ് 15-നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം. മെയ് 31-നാണ് മഴയുടെ പ്രവചനമെന്നും അദ്ദേഹം പറഞ്ഞു

അടുത്ത 5 ദിവസത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഇന്ന് മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്