ഞായറാഴ്ച മുതൽ മലബാറിലെ ക്ഷീര സംഘങ്ങളിൽനിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും
ഞായറാഴ്ച മുതൽ മലബാറിലെ ക്ഷീര സംഘങ്ങളിൽനിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ.എസ്. മണി നടത്തിയ ചർച്ചയിലാണ് മുഴുവൻ പാലും സംഭരിക്കാനുള്ള തീരുമാനമായത്.
മിൽമയുടെ തിരുവനന്തപുരം, എറണാകുളം മേഖല യൂണിയനുകൾ മലബാറിൽനിന്ന് പാൽ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിദിനം രണ്ടു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് തമിഴ്നാട്ടിലെയും കർണാടകയിലെയും പാൽപ്പൊടി നിർമാണ ഫാക്ടറികൾ സമ്മതിച്ചിട്ടുണ്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഞായറാഴ്ച മുതൽ മുഴുവൻ പാലും സംഭരിക്കാൻ മിൽമ തീരുമാനമെടുത്തതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.