ടിപിആര്‍ നിരക്ക് കുറയ്ക്കാന്‍ ജാഗ്രത വേണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജൂലൈ 15ഓടെ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണം ലഭ്യമാക്കണം

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരാന്‍ എല്ലാ വിഭാഗം ആളുകളും ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കൊവിഡ് പ്രതിരോധം, കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. ജില്ലയില്‍ കൊവിഡ് കേസുകളും ടിപിആര്‍ നിരക്കും വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പിടുച്ചുനിര്‍ത്താന്‍ സാധിക്കണം. കൊവിഡ് പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തണം. പ്രതിദിന ടെസ്റ്റ് നിരക്ക് നിലവിലെ 6500ല്‍ നിന്ന് 7000 ആക്കി ഉയര്‍ത്താന്‍ നടപടിയെടുക്കണം. പരിശോധനാ കേന്ദ്രങ്ങളില്‍ ആളുകളെ എത്തിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ഹോം ഐസൊലേഷന്‍, ക്വാറന്റൈന്‍ എന്നിവ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നുവരുന്നതായി യോഗം വിലയിരുത്തി. ഏതാനും ചില പ്രദേശങ്ങള്‍ ഒഴികെ നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ആവശ്യമായ പതിനായിരത്തിലേറെ കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്കും അവ ലഭ്യമാക്കാന്‍ ഇതിനകം സാധിച്ചു. ടിവികള്‍, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ബിസിനസ് സ്ഥാപനങ്ങള്‍, വ്യക്തികള്‍, ബാങ്കുകള്‍, ക്ലബ്ബുകള്‍, യുവജന-വിദ്യാര്‍ഥി-സന്നദ്ധ സംഘടനകള്‍, പിടിഎകള്‍ തുടങ്ങി എല്ലാവരുടെയും സഹായം ഇക്കാര്യത്തില്‍ തുടര്‍ന്നും ഉണ്ടാവണം. ഇനി പഠനോപകരണങ്ങള്‍ ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ജൂലൈ 15നകം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അര്‍ഹരായ കുട്ടികള്‍ക്ക് പഠനോപകരണം ലഭിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലയിലെ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ അധ്യാപകര്‍ മുഖേന കൃത്യമായ കണക്ക് എടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.