ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെട്ടു,അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെട്ടു . ലക്ഷദ്വീപിനടുത്ത് അര്‍ദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ടൗട്ടേയുടെ സഞ്ചാരപാത.
പതിനാല് ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 40 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.കനത്ത കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാല്‍ ലക്ഷദ്വീപിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകും. കടലാക്രമണവും രൂക്ഷമാണ്. ചെല്ലാനത്തും, ചാവക്കാടും, കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരമാണ്. ചെല്ലാനത്ത് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. തൃശൂരിലെ തീരദേശ മേഖലകളിലെ ആയിരത്തോളം വീടുകളില്‍ വെള്ളം കയറി. കുട്ടനാടും അപ്പര്‍ കുട്ടനാടും കൂടുതല്‍ വീടുകളില്‍ വെള്ലം കയറി.
സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും ഇപ്പോഴുണ്ട്. തീരത്തുടനീളം കടലാക്രമണവും തുടരുകയാണ്. തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി.
കണ്ണൂരില്‍നിന്ന് 290 കിലോ മീറ്റര്‍ അകലെയാണ് നിലവില്‍ ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്ഥാനം.. ചുഴലിക്കാറ്റ് വടക്ക്, വടക്ക് – പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും 18നു ഗുജറാത്തു തീരത്തിനടുത്ത് എത്തുമെന്നുമാണു പ്രവചനം.
സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും ഇതു കേരള തീരത്തോടു അടുത്തായതിനാല്‍ സംസ്ഥാനത്തു 16 വരെ തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.