ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞാലും പിഴ വേണ്ടെന്ന് കേന്ദ്രം

ദില്ലി : രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച ശേഷവും വാഹനം ഓടിക്കുന്നവരില്‍ നിന്ന് സെപ്റ്റംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള കൊവിഡ് -19 വ്യാപനവും ലോക്ക്ഡൌണുകളും കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റുകൾ ഉള്‍പ്പെടെയുള്ള മോട്ടോർ വാഹനരേഖകളുടെ സാധുത 2021 സെപ്റ്റംബർ 30 വരെ കേന്ദ്രം നീട്ടിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം പിഴയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നത്.  

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പല ഓഫീസുകളുടെയും പ്രവര്‍ത്തനം നിലക്കുകയും ഈ സാഹചര്യത്തില്‍ രേഖകള്‍ പുതുക്കാന്‍ സാധിക്കാത്തതും കണക്കിലെടുത്താണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കാലവധി അവസാനിച്ച ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 5000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാത്തതിന് 5000, പെര്‍മിറ്റ് പുതുക്കിയില്ലെങ്കില്‍ 10,000, ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാല്‍ 2000 മുതല്‍ 5000 രൂപ വരെയുമാണ് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റിനെ ഇളവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രേഖകളുടെ സാധുത ചൂണ്ടിക്കാട്ടി ഈ മഹാമാരി കാലത്ത് ആവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെയും, മറ്റ് ഗതാഗത മാര്‍ഗങ്ങളും തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍