ഡൽഹിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ്

ന്യൂഡൽഹി: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഡൽഹി അയവുവരുത്തുന്നു. കടകൾ, മാളുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് നാളെ മുതൽ ഇളവ് നൽകും. ഒരാഴ്ചക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇളവുകൾ. കോവിഡ് കേസുകൾ ഉയരുകയാണെങ്കിൽ കടുത്ത നടപടികൾ വീണ്ടും സ്വീകരിക്കും.

തിങ്കളാഴ്ച മുതൽ ആഴ്ചയിൽ ഏഴുദിവസവും കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നത്. റെസ്റ്റോറന്റ് തുറക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഉൾക്കൊളളാനാവുന്നതിന്റെ അമ്പതുശതമാനം പേർക്കുമാത്രമായിരിക്കും പ്രവേശനം. ആഴ്ചചന്തകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ അമ്പതുശതമാനം കച്ചവടക്കാരെ മാത്രമേ അനുവദിക്കൂ.

പാർക്ക്, ജിം, സ്പാ, തിയേറ്റർ, സ്കൂൾ- കോളേജ് ഉൾപ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടച്ചിടുന്നത് തുടരും. സ്വിമ്മിങ്പൂളുകൾ, സ്റ്റേഡിയം, സ്പോർട്സ് കോംപ്ലെക്സ്, സിനിമ തിയേറ്റർ, എന്നിവ തുടർന്നും അടച്ചിടും. പൊതുസമ്മേളനങ്ങൾക്കും ആഘോഷങ്ങൾക്കും നിരോധനമുണ്ട്