തളിര് സ്‌കോളര്‍ഷിപ്പ്: സംസ്ഥാനതല വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ വിജയികളായ ജൂനിയര്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ഫലകവും സര്‍ട്ടിഫിക്കറ്റും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സമ്മാനിച്ചു. കണ്ണൂര്‍ കളക്റ്ററേറ്റില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ മാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ വി സുമേഷ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.
പതിനായിരം രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് ഒന്നാം റാങ്കിനുള്ള സമ്മാനം. അയ്യായിരം രൂപ, മൂവായിരം രൂപ എന്നിങ്ങനെയാണ് രണ്ടും മൂന്നും റാങ്കിനുള്ള സ്‌കോളര്‍ഷിപ്പ് തുക. സംസ്ഥാനതല മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാട് മാന്നനൂര്‍ എ യു പി സ്‌കൂളിലെ ഡി ആര്‍ നിനവിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ പാനൂര്‍ യു പി സ്‌കൂളിലെ സി ദേവ്കിഷന്‍ രണ്ടാം റാങ്കും കാസര്‍ഗോഡ് ചെമ്മനാട് ജി യു പി സ്‌കൂളിലെ എ കെ അര്‍ജ്ജുന്‍ മൂന്നാം റാങ്കും നേടി. സംസ്ഥാനതല പരീക്ഷ നടന്നത് മാര്‍ച്ചിലായിരുന്നു.
പതിനായിരത്തോളം കുട്ടികള്‍ പങ്കെടുത്ത ജില്ലാതല പരീക്ഷയില്‍ 2500ഓളം കുട്ടികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. ഇവര്‍ക്ക് 1000, 500 രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്തത്. ഇങ്ങനെ പതിനാറുലക്ഷത്തോളം രൂപയാണ് സ്‌കോളര്‍ഷിപ്പായി കുട്ടികള്‍ക്ക് നല്‍കിയത്. നൂറില്‍ കൂടുതല്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യിപ്പിച്ച സ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് ആയിരം രൂപ മുഖവിലയുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും സമ്മാനമായി നല്‍കി.