‘തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജന വികാരത്തിന്റെ പ്രതിഫലനമായിരിക്കും’

രണ്ടാം പിണറായി സർക്കാരിന്റെ ദുർഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വത്തിന്റെയും വിലയിരുത്തലായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരിക്കുമെന്നും സുരേന്ദ്രൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മതതീവ്രവാദികളുടെ അധിനിവേശത്തിനെതിരെ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളുടെ പ്രതിഷേധ വോട്ട് പ്രതിഫലിക്കും. സർക്കാരും പ്രതിപക്ഷവും മതതീവ്രവാദ ശക്തികളെ സഹായിക്കുമ്പോൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ അസന്തുഷ്ടരാണ്. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ടിന്റെ വോട്ടിനായി എൽ.ഡി.എഫ്- യു.ഡി.എഫ് നേതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സർക്കാരുമായും പ്രതിപക്ഷവുമായും പോപ്പുലർ ഫ്രണ്ട് വിലപേശുകയാണ്. ഇത് ഹിന്ദു, ക്രിസ്ത്യൻ വോട്ടർമാർ അംഗീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മതതീവ്രവാദികളുടെ വോട്ടിനായി മത്സരിക്കുകയാണ്. ഇത് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളുടെ ആത്മാഭിമാനത്തിൻറെ പ്രശ്നമാണ്. അതാണ് താമരശ്ശേരി ബിഷപ്പ് പറഞ്ഞത്. പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്യാൻ പോയതും തിരിച്ചുവരേണ്ടി വന്നതും കേരള പൊലീസിൻ നാണക്കേടാണെന്നും ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞു.