തീപ്പൊള്ളലേറ്റ സംഭവത്തില്‍ ഗൃഹനാഥന്‍ മരിച്ചതിന് പിന്നാലെ മകനും മരിച്ചു

നാദാപുരം:കോഴിക്കോട് ജില്ലയിലെ ചെക്യാട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ സംഭവത്തില്‍ ഗൃഹനാഥന്‍ മരിച്ചതിന് പിന്നാലെ മകനും മരിച്ചു. സ്റ്റാലിഷ് (17) ആണ് ഇന്ന് മരിച്ചത്. സ്റ്റാലിഷിന്റെ അച്ഛന്‍ കായലോട്ട് താഴെ റേഷന്‍ കടയ്ക്ക് സമീപം കീറിയപറമ്പത്ത് രാജു (48) ഇന്നലെ മരിച്ചിരുന്നു. രാജുവിന്റെ ഭാര്യ റീന (40), സ്റ്റഫിന്‍ (14) എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയിലാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ വീട്ടില്‍ നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് ഇവരെ തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഒരു മുറി പൂര്‍ണമായി കത്തിയ നിലയിലാണ്.

കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.