‘തൃക്കാക്കരയിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’

മക്ക: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം.

മക്കയിലെ കെ.എം.സി.സി കേന്ദ്രകമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സർക്കാർ ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോയാൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും വഖഫ് ബോർഡ് ആക്ടിൽ മുസ്ലിം സംഘടനകൾക്ക് നൽകിയ ഉറപ്പ് ലംഘിച്ച സർക്കാരിനെതിരെ മുസ്ലിം ലീഗ് ശക്തമായ മൂന്നാം ഘട്ട സമരം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മുഹമ്മദലി മൗലവി അധ്യക്ഷത വഹിച്ചു. ട്രഷറർ സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു, തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് അഫ്സൽ, കുഞ്ഞപ്പ പൂക്കോട്ടൂർ, മുസ്തഫ മുഞ്ചക്കുളം എന്നിവർ സംസാരിച്ചു, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും നാസർ കിൻസാറ നന്ദിയും പറഞ്ഞു.