തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി വർഗീയത പറയുന്നുവെന്ന് വി മുരളീധരൻ

വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് വർഗീയതയുടെ പേരിൽ മുഖ്യമന്ത്രി തൃക്കാക്കരയിൽ വോട്ട് തേടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ, സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ നിർത്തലാക്കി. സിൽവർ ലൈനിനെതിരായ ജനവികാരം ഭയന്നാണ് കല്ലിടൽ നിർത്തിവച്ചതെന്ന് വി മുരളീധരൻ പറഞ്ഞു.

പി സി ജോർജ് പറയാൻ പോകുന്ന സത്യങ്ങളെ പിണറായി സർക്കാരിന് ഭയമാണ്. ഇത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു. നാളെ തൃക്കാക്കരയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്നും പി സി ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് പി സി ജോർജിനു പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ വിമർശനം.

സ്ഥാനാർത്ഥി നിർണയം മുതൽ ഇടതുപക്ഷം വർഗീയ പ്രചാരണം നടത്തുകയാണ്. മതതീവ്രവാദികളെ പ്രീണിപ്പിക്കാനാണ് പിസി ജോർജിനെ വേട്ടയാടുന്നത്. ഒരു പ്രത്യേക സമുദായത്തെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രമാണ് മുഖ്യമന്ത്രിക്ക് പ്രശ്നമുള്ളത്. ഉത്തരേന്ത്യയിലെ സംഭവങ്ങൾക്ക് ഉത്തരവാദി കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയുമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് സാമാൻയബുദ്ധിയോ ലജ്ജയോ ഇല്ല.