തെരഞ്ഞെടുപ്പ് ഡ്യൂട്ടി: പോസ്റ്റിംഗ് ഓര്‍ഡറുകളുടെ വിതരണം ആരംഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട ഡ്യൂട്ടി നിര്‍ണയം പൂര്‍ത്തിയായി. ഇവര്‍ക്കുള്ള നിയമന ഉത്തരവുകള്‍ താലൂക്കുകള്‍ വഴി ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. വ്യാഴാഴ്ച (മാര്‍ച്ച് 11) മുതല്‍ ഇവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എത്തിക്കും.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കായി അവധി ദിനമായ വ്യാഴാഴ്ചയും ബന്ധപ്പെട്ട എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
റിസര്‍വ് ഉള്‍പ്പെടെ 4398 വീതം പ്രിസൈഡിങ്ങ് ഓഫീസര്‍, ഫസ്റ്റ്, സെക്കണ്ട്, തേര്‍ഡ് ലെവല്‍ പോളിങ്ങ് ഓഫീസര്‍മാര്‍ എന്നിങ്ങനെ 17592 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയമന ഉത്തരവ് നല്‍കിയത്.

കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 13 മുതല്‍ 16 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. രണ്ടാംഘട്ട ഡ്യൂട്ടി നിര്‍ണയം മാര്‍ച്ച് അവസാനത്തോടെ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടക്കും.