ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും
നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെച്ചും, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെതെന്നും സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നുമായിരുന്നു ദിലീപിന്റെ മറുവാദം. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരും.
നടിയെ അക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ മുന്നോട്ട് വെച്ച പ്രധാന വ്യവസ്ഥകൾ പ്രതിയായ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻസാക്ഷികളായ ആലുവയിലെ ഡോക്ടർ ഹൈദരലി, സഹോദരൻ അനൂപ് എന്നിവരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷർ ആരോപണം. കേസിൽ നിർണായകമാകേണ്ട ഫോണിലെ തെളിവുകളും ദിലീപ് നശിപ്പിച്ചുവെന്നടക്കമുള്ള കാരണങ്ങളാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന്റെ കാതൽ. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരിന്നു. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിൻറെ തെളിവായാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്