ദേശീയ ഷൂട്ടിങ്​ താരം മരിച്ച നിലയില്‍

മൊഹാലി: ദേശീയ ഷൂട്ടിങ്​ താരം നമന്‍വീര്‍ സിങ്​ ബ്രാറിനെ മൊഹലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 29 വയസായിരുന്നു.നഗരത്തിലെ സെക്​ടര്‍ 71ലെ വീട്ടില്‍ വെച്ച്‌​ സ്വയം വെടിയുതിര്‍ത്ത്​ മരിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

പുലര്‍ച്ചെ 3.35നായിരുന്നു സംഭവം. വെടിയൊച്ച കേട്ട്​ ഓടിയെത്തിയ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കടുംകൈ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന്​ ബ്രാറിന്‍റെ കുടുംബം പറഞ്ഞു. സിവില്‍ ആശുപത്രിയില്‍ വെച്ച്‌​ പോസ്റ്റ്​മോര്‍ട്ടം നടത്തി.

പഞ്ചാബ്​ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ബ്രാര്‍ അങ്കൂര്‍ മിത്തല്‍, അസ്​ഗര്‍ ഹുസൈന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം 2015ല്‍ ദക്ഷിണകൊറിയയിലെ ഗ്വാങ്​ചുവില്‍ നടന്ന ​ലോക യൂനിവേഴ്​സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ്പില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. അതേ വര്‍ഷം തന്നെ ആള്‍ ഇന്ത്യ യൂനിവേഴ്​സിറ്റി ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം വെങ്കലം സ്വന്തമാക്കിയിരുന്നു.

പോളണ്ടില്‍ നടന്ന എഫ്​.ഐ.എസ്​.യു ലോക യൂനിവേഴ്​സിറ്റി ഷൂട്ടിങ്​ ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. മാസ്​റ്റേഴ്​സ്​ മീറ്റ്​ ചാമ്ബ്യന്‍ഷിപില്‍ സ്വര്‍ണം നേടിയ ബ്രാര്‍ യുവ ഷൂട്ടര്‍മാരുടെ കോച്ച്‌​ ആയി പ്രവര്‍ത്തിച്ച്‌​ വരികയായിരുന്നു.