ധീരജിന്റെ കുടുംബത്തിന്
സാങ്കേതികശാസ്ത്ര സർവകലാശാല
ധനസഹായം മന്ത്രി കൈമാറി

ഇടുക്കി ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർഥിയായിരിക്കെ കോളേജ് ക്യാമ്പസിൽ കൊല്ലപ്പെട്ട ധീരജ് രവീന്ദ്രന്റെ കുടുംബത്തിന് എ പി ജെ അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാല നൽകുന്ന ആശ്വാസധനസഹായം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തളിപ്പറമ്പിലെ വീട്ടിലെത്തി കൈമാറി. വിദ്യാർഥികൾക്കായി സർവകലാശാല ഏർപ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ ‘സുരക്ഷ’ മുഖേനയുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും പിതാവ് ജി രാജേന്ദ്രൻ, മാതാവ് ടി എൻ പുഷ്‌കല, സഹോദരൻ ആർ അദ്വൈത് എന്നിവർ ഏറ്റുവാങ്ങി. സർവകലാശാലയുടെ മനുഷ്യത്വപരമായ സമീപനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
തളിപ്പറമ്പ് തൃച്ചംബരത്തെ ധീരജിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. ജി സഞ്ജീവ് അധ്യക്ഷത വഹിച്ചു. പ്രൊ. വൈസ് ചാൻസലർ ഡോ. എസ് അയ്യൂബ്, ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ എം ജെ ജലജ, കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ വി ഒ രജനി എന്നിവർ പങ്കെടുത്തു.
അസുഖബാധിതരാകുന്ന വിദ്യാർഥികൾക്ക് ആരോഗ്യ പരിരക്ഷാസഹായവും ജീവാപായം സംഭവിക്കുന്ന കുട്ടികളുടെ കുടുംബത്തിന് ആശ്വാസധനസഹായവും നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതിയാണ് സുരക്ഷ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർഥികൾക്കായി ഇൻഷുറൻസ് പദ്ധതി രൂപീകരിച്ചത്. കൊവിഡ്, അപകടം എന്നിവ കാണം മരിച്ച വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് സർവകലാശാല നേരത്തെ സഹായം നൽകിയിരുന്നു.