നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി : നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം.

നാടകലോകത്തു നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.

കൊച്ചുപറമ്പില്‍ തായി സുബ്രഹ്‌മണ്യന്‍ പടന്നയില്‍ എന്നാണ് മുഴുവന്‍ പേര്.

1956ല്‍ ‘വിവാഹ ദല്ലാള്‍’ എന്നതായിരുന്നു ആദ്യ നാടകം. 1957ല്‍ സ്വയം എഴുതി തൃപ്പൂണിത്തുറയില്‍ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
നാടകത്തില്‍ സജീവമായ സമയത്ത് തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയില്‍ ഒരു മുറുക്കാന്‍ കട തുടങ്ങി. രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.