നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് ആണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അതിജീവിത നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറന്‍സിക് സയന്‍സ് ലാബിലെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018 ല്‍ കോടതി ആവശ്യത്തിനല്ലാതെ, മെമ്മറി കാര്‍ഡിന്റെ ഹാര്‍ഷ് വാല്യു രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 2018 ജനുവരി 09, ഡിസംബര്‍ 13 നുമാണ് മെമ്മറി കാര്‍ഡുകള്‍ തുറന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി കോടതി തള്ളിക്കളയുകയാണ് ചെയ്തത്.

ഹര്‍ജി തള്ളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു. നിയമപരമായി ശരിയല്ലാത്ത നടപടിയാണ് ജഡ്ജിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും സര്‍ക്കാര്‍ പറയുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.