നടൻ നെടുമുടി വേണു അന്തരിച്ചു.

തിരുവനന്തപുരം: നടൻ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.

അധ്യാപനത്തോടൊപ്പം പ്രൊഫഷണൻ നാടകങ്ങളിലും അമെച്വർ നാടകങ്ങളിലും പ്രവർത്തിച്ചു. നെടുമുടി വേണു എന്ന സിനിമാനടന്റെ ഉദയകാലമായിരുന്നു അത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടർന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ നെടുമുടി വേണുവിന്റെ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറാൻ വേണുവിന് കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ദൂരദർശൻപ്രതാപകാലത്ത് ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായി. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് നേടുമുടി. നാടകക്കളരികൾ മലയാളസിനിമയ്ക്കും സമ്മാനിച്ച കലാകാരന്മാരിൽ ഒരാൾകൂടി കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. തനതുനാടകപ്പാട്ടുകളും മൃദംഗവും നാടൻശീലുകളും കൊണ്ട് സമ്പന്നനായിരുന്നു നെടുമുടിവേണു എന്ന പ്രതിഭ.

അപ്പുണ്ണി, പാളങ്ങൾ, ചാമരം, തകര, കള്ളൻ പവിത്രൻ, മംഗളം നേരുന്നു, കോലങ്ങൾ, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സർഗം, പഞ്ചവടി പാലം, അക്കരെ, ഇരകൾ, അടിവേരുകൾ, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഒരിടത്ത്, പെരുംതച്ചൻ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം,
താളവട്ടം, വന്ദനം, ഡോക്ടർ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിൾ ബൺ, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോൾ, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണൻസ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയിൽ, തിളക്കം, ബാലേട്ടൻ, ജലോത്സവം, തന്മാത്ര, പാസഞ്ചർ, ബെസ്റ്റ് ആക്ടർ, ആകാശത്തിന്റെ നിറം, ആലിഫ്, നിർണായകം, ചാർലി, പാവാട, കാർബൺ, താക്കോൽ, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.