നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു; ആക്രമിച്ച യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്പ്പിച്ചു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നഹീമയെ ആക്രമിച്ച റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു.വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അതീവഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്.  നാദാപുരം എം ഇ ടി കോളജ് ബി കോം വിദ്യാർത്ഥിനിയാണ് നഹീമ.

കോളേജില്‍ നിന്ന് മടങ്ങുന്ന വഴിയാണ് പെണ്‍കുട്ടിയെ യുവാവ് ആക്രമിച്ചത്. പെണ്‍കുട്ടിയെ കാത്തുനില്‍ക്കുകയായിരുന്നു യുവാവ്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്നാണ് കയ്യില്‍ കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ച് ഇയാള്‍ വെട്ടിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.