നാളെമുതല്‍ സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാർ

കൊച്ചി: നാളെ മുതൽ ആഭരണം ശാലകളിൽ വിൽക്കുന്ന സ്വർണത്തിന് ഹാൾ മാർക്ക്‌ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ആഭരണത്തിൽ സ്വർണത്തിന്‍റെ പരിശുദ്ധിയും വില്പനശാലയെ തിരിച്ചറിയാനുള്ള കോഡും ഹാൾമാർക്കിൽ ഉണ്ടാകും.14,18, 22 കാരറ്റ് സ്വർണം മാത്രമേ ആഭരണ ശാലകളിൽ ഇനി വിൽക്കാവൂ എന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

ആഭരണം കടകളിൽ നിന്ന് വാങ്ങുമ്പോഴേ ഹാൾമാർക് നിർബന്ധമുള്ളൂ. കൈവശമുള്ള പഴയ സ്വർണം വിൽക്കുന്നതിനു ഹാൾമാർക്ക് വേണ്ട. വിറ്റാൽ വിപണി വിലക്കും മാറ്റിനും അനുസരിച്ചുള്ള വില കിട്ടും. മാറ്റി വാങ്ങുന്നതിനും തടസ്സമില്ല. എന്നാൽ വാങ്ങുന്ന പുതിയ ആഭരണത്തിൽ ഹാൾമാർക്ക് ഉണ്ടെന്നു ഉറപ്പാക്കണം എന്നു മാത്രം

സ്വർണ വിപണിയിൽ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് ഹാൾ മാർക്കിങ് നിർബന്ധമാക്കുന്നത്. നേരത്തെ ഇത് നടപ്പാക്കുന്നതിനുള്ള കാലയളവ് പലവട്ടം നീട്ടിയെങ്കിലും ഇനി ഇല്ല എന്നാണ് സർക്കാർ നിലപാട്. നാളെ മുതൽ ആഭരണ ശാലകളിൽ വിൽക്കുന്ന സ്വർണത്തിൽ ഹാൾ മാർക്ക്‌ നിർബന്ധമാണ്.

സ്വർണത്തിന്‍റെ മാറ്റ് പരിശോധിച്ച് എത്ര കാരറ്റിന്‍റേതാണ് ആഭരണങ്ങൾ എന്നത് ഓരോ ആഭരണത്തിലും മാർക്ക്‌ ചെയ്തിരിക്കണം എന്നതാണ് ഈ നിബന്ധനയിൽ ഏറ്റവും പ്രധാനം. മാത്രമല്ല ആരാണ് ആഭരണം നിർമിച്ചതെന്നും വിൽക്കുന്നതെന്നും തിരിച്ചറിയുന്ന കോഡുകളും ഇതിൽ ഉണ്ടാകും. ഇത് സ്വർണ വ്യാപാര മേഖയിലെ ഇടപാടുകൾ സുതാര്യമാക്കുമെന്നും ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കപ്പെടുമെന്നുമാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ സ്വർണവ്യാപാര മേഖലയിൽ 65 ശതമാനത്തോളം വ്യാപാരികൾ നിലവിൽ തന്നെ ഹാൾ മാർക്ക്‌ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി ഉള്ളവർക്ക് നടപടി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വ്യാപാര സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. മറ്റു പല കാരറ്റിലും ഉള്ള സ്വർണം 14, 18, 22 കാരറ്റിലേക്കു മാറ്റേണ്ടി വരുന്നത് വ്യാപാരികൾക്ക് നഷ്ടം ഉണ്ടാകുമെന്നും പരാതിയുണ്ട്.