നിയമസഭാ കയ്യാങ്കളിക്കേസ്;പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

ദില്ലി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടക്കമുളള ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടി വരും.

ശക്തമായ നിരീക്ഷണങ്ങളോടെയാണ് സുപ്രീം കോടതിയുടെ വിധിപ്രസ്താവം. ക്രിമിനല്‍ കേസ് പിന്‍വലിക്കാനുളള അപേക്ഷ ഭരണഘടനാ വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തിനുളള പരിരക്ഷ അല്ലെന്നും ജനപ്രതിനിധികള്‍ക്ക് എപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.