നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി

2015-ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയില്‍ നടന്ന കൈയാങ്കളിയില്‍ അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും സമാനമായ ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പൊതുമുതല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹൈക്കോടതിയും ഹര്‍ജി തള്ളിയതിനാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.  

പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍.

കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്. ഇവരെല്ലാം വിചാരണ നേരിടേണ്ടി വരും.  വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹര്‍ജി നല്‍കിയിരുന്നു.