നിയമസഭാ തെരഞ്ഞെടുപ്പ്; എംസിഎംസി സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

ടെലിവിഷന്‍, റേഡിയോ, മറ്റ് ഇലക്ടോണിക് മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിനുമായുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)സെല്ലിന്റെയും ഇലക്ഷന്‍ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, കേബിള്‍ ടി വി, ഇന്റര്‍നെറ്റ്, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങിയവയിലെ തെരഞ്ഞെടുപ്പ് വാര്‍ത്തകളുടെ നിരീക്ഷണം എന്നിവയ്ക്കായാണ് എംസിഎംസി സെല്‍ പ്രവര്‍ത്തിക്കുക.

എംസിഎംസിയുടെ അനുമതി പത്രം ലഭിച്ച ശേഷമേ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പരസ്യങ്ങള്‍ നല്‍കാവൂ. ഇത് ലംഘിക്കുന്ന സ്ഥാനാര്‍ഥികളും പാര്‍ട്ടികളും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് വിധേയരാവും. ബള്‍ക്ക് എസ്എംഎസ്, വോയ്സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നവരും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ കലക്ടറാണ് എംസിഎംസി ചെയര്‍മാന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് നോഡല്‍ ഓഫീസര്‍. മുഴുവന്‍ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാകുന്നതുവരെ ഈ സമിതി പ്രവര്‍ത്തിക്കും. കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനോട് ചേര്‍ന്നുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് എംസിഎംഎസി സെല്‍ പ്രവര്‍ത്തിക്കുന്നത്.