നിയമസഭാ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതും പുനചംക്രമണം സാധ്യമാവുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക്, പിവിസി എന്നിവയില്‍ നിര്‍മ്മിച്ച ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പാടില്ല.

പിവിസി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനചംക്രമണം സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങി എല്ലാത്തരം സമഗ്രികളുടെയും ഉപയോഗം ഒഴിവാക്കേണ്ടതാണ്.

കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങി പുനരുപയോഗ- പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടിക്ക് ഉപയോഗിക്കാവൂ. ഇവ പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍, പിവിസി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിംഗ് നമ്പറും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും സ്ഥാപിച്ച തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്വന്തമായി നീക്കം ചെയ്ത് നശിപ്പിക്കുകയോ പുനചംക്രമണം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേന മുഖാന്തിരം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയോ ചെയ്യണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ.

പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. നിരോധിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.