നിവാർ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരത്തേക്ക് അടുക്കുന്നു

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്തേക്ക് അടുക്കുന്നു.മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമെന്നാണ് കരുതുന്നത്. ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയിൽ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ നിവാർ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചെന്നൈയിലും കാഞ്ചീപുരത്തും കനത്തമഴ തുടരുകയാണ്.

തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. 77 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തീരപ്രദേശത്തെ ആളുകളെയും നദീതീരത്തുളള ആളുകളെയുമാണ് ഇവിടേക്ക് ആദ്യം മാറ്റി പാർപ്പിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

22 എൻഡിആർഎഫ് സംഘം, 10 സംഘം സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ സന്നദ്ധരായിക്കഴിഞ്ഞു. ഇവർക്കൊപ്പം ഹെലികോപ്റ്ററുകളും കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.