നിർണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുൻപിലുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുൻപിലുള്ളത് എന്ന് എല്ലാവരും ഓർമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കേരളത്തിൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തിൽ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂർച്ഛിക്കുകയും തൽഫലമായ മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയർന്നിരിക്കുന്നത്.

ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളിൽ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് രണ്ട് മുതൽ ആറ് ആഴ്ച വരെ മുൻപായിരിക്കാം. അത്രയും ദിവസങ്ങൾ മുൻപ് രോഗബാധിതരായവരിൽ പലർക്കും രോഗം ശക്തമാവുകയും ഓക്സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. അതിനാൽ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകൾ, ഓക്സിജൻ ലഭ്യത, ഐസിയു കിടക്കകൾ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടർമാരുടേയും നേതൃത്വത്തിൽ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിർദേശിച്ചിട്ടുണ്ട്. നിർണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുൻപിലുള്ളത് എന്നു എല്ലാവരും ഓർമിക്കണം.

അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തിൽ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴിൽ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളിൽ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവർത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാൻ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗൺ കാലത്തൊക്കെ പ്രവർത്തിക്കേണ്ടിവരുന്ന, വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങൾ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.