നൂറുദിന പരിപാടിയുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
നൂറുദിന പരിപാടിയുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
13,000 പട്ടയം വിതരണം ചെയ്യും. തൊഴിലവസരങ്ങള്‍ 50,000
സര്‍ക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.
27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബര്‍ 17-ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27-ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിനകം 9 പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.
100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍തന്നെ പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാണെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1400 രൂപയില്‍ നിന്ന് 1500 രൂപയാക്കാനുള്ള പ്രഖ്യാപനവും നടപ്പായി. അടുത്ത ആഴ്ച മുതല്‍ 1500 രൂപയാക്കിയ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും.
16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി.
100 ദിന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇപ്പോള്‍ തുടക്കം കുറിച്ച പരിപാടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാലും പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം.
ആരോഗ്യവകുപ്പില്‍ പുതുതായി 49 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് കൂടാതെ 53 ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് സൗകര്യവും പുതിയ ഒ.പി. ബ്ലോക്കും ആരംഭിക്കും.
സ്ത്രീ സുരക്ഷയ്ക്കുള്ള സംയോജിത സ്ത്രീസുരക്ഷ ആപ്പ് പോലീസ് വകുപ്പ് ഉടനെ പുറത്തിറക്കും. തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരക്ഷണയും പിന്തുണയും നല്‍കാനുള്ള പോലീസ് വകുപ്പിന്റെ വി-കെയര്‍ പദ്ധതിയും താമസിയാതെ ആരംഭിക്കും.
ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ 13 കോളേജുകളിലും എം.ജി. സര്‍വകലാശാല കാമ്പസിലുമായി കിഫ്ബി വഴി 205 കോടി രൂപയുടെ നിര്‍മാണം ഈ കാലയളവില്‍ ആരംഭിക്കും. എയ്ഡഡ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കും. കയര്‍ മേഖലയില്‍ വിര്‍ച്വല്‍ കയര്‍മേള ഫെബ്രുവരിയില്‍ നടക്കും. കയര്‍ കോമ്പോസിറ്റ് ഫാക്ടറിയില്‍ ബൈന്റര്‍ലെസ് ബോര്‍ഡ് നിര്‍മിക്കുന്ന ലോകത്തെ ആദ്യ പ്ലാന്റിന്റെ ഉദ്ഘടാനത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.
കായികരംഗത്ത് 185 കോടി രൂപ ചെലവില്‍ ഒമ്പത് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ആരംഭിക്കും.
കാര്‍ഷിക മേഖലയില്‍ 496 കോടി രൂപയുടെ 46 പദ്ധതികളാണ് നടപ്പാക്കുന്നത്.
ആറ്റിങ്ങലില്‍ സംയോജിത നാളികേര സംസ്‌കരണ പ്ലാന്റിന് തുടക്കം കുറിക്കും.
ജലവിതരണ മേഖലയില്‍ ഭൂരിഭാഗം പദ്ധതികളും നല്ലനിലയില്‍ പുരോഗമിക്കുകയാണ്.
തദ്ദേശസ്വയംഭരണ വകുപ്പ് ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ പൂര്‍ത്തിയാക്കും. കൂടാതെ 35,000 വീടുകളുടെ നിര്‍മാണം ആരംഭിക്കും.
ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് ഭവനസമുച്ചയങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കും.
153 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. കുടുംബശ്രീയുടെ 500 കയര്‍ക്രാഫ്റ്റ് സ്റ്റാളുകളും തുറക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ 1620 പ്രവൃത്തികളിലായി 3598 കിലോമീറ്റര്‍ റോഡ് ജനുവരി 31-നകം പൂര്‍ത്തിയാക്കും.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 8 ലക്ഷം തൊഴിലുറപ്പ് ദിനങ്ങള്‍ സൃഷ്ടിക്കും.
വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ ശിലാസ്ഥാപനം ഉടന്‍ നടക്കും.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നവജീവന്‍ തൊഴില്‍ പദ്ധതിക്ക് തുടക്കും കുറിക്കും.
3500 പട്ടികവര്‍ഗക്കാര്‍ക്ക് വനാവകാശരേഖ കൊടുക്കും. ഈ വിഭാഗത്തിനുവേണ്ടി 4800 വീടുകള്‍ പൂര്‍ത്തിയാക്കും.
500 കിലോമീറ്റര്‍ നീളത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉന്നതനിലവാരത്തില്‍ 11 റോഡുകള്‍ നിര്‍മിക്കും.
റീബില്‍ഡ് കേരള പദ്ധതിയില്‍ 1613 കോടി രൂപ ചെലവില്‍ റോഡ് നിര്‍മാണത്തിന് തുടക്കും കുറിക്കും.
വിദ്യാഭ്യാസ മേഖലയില്‍ അഞ്ചുകോടി ചെലവില്‍ അമ്പതു സ്‌കൂളുകളുടെയും മൂന്നു കോടി ചെലവില്‍ നവീകരിച്ച 30 സ്‌കൂളുകളുടെയും ഉദ്ഘാടനം നടക്കും. ഇതു കൂടാതെ 3 കോടിയും ഒരു കോടിയും ചെലവു വരുന്ന 100 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും.
20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തും.
60 കോടി രൂപ ചെലവില്‍ 87 തീരദേശ റോഡുകളുടെ ഉദ്ഘാടനം നടക്കും.
ചെത്തി മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിടും.
വളഞ്ഞവഴിയില്‍ ആറ്റുകൊഞ്ച് ഹാച്ചറി, പന്നിവേലിച്ചിറ ഫിഷ് ഹാച്ചറി, കുളത്തൂപ്പുഴ, കണത്താര്‍കുന്നം ഫിഷറീസ് ഫാമുകള്‍ എന്നിവയുടെ ഉദ്ഘാടനം ഉടനെ നടക്കും.
കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനത്തിന് സജ്ജമായി.
കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും.
കൊച്ചി വാട്ടര്‍മെട്രോയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും.
ടൂറിസം രംഗത്ത് 310 കോടി രൂപ ചെലവില്‍ 27 പദ്ധതികളാണ് നടപ്പാക്കുന്നത്.
200 കോടി രൂപ ചെലവില്‍ കെഎസ്ഡിപിയുടെ ഓങ്കോളജി പാര്‍ക്കിന് തറക്കല്ലിടും.
കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ വെള്ളൂര്‍ എച്ച്.എന്‍.എല്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും.
മുട്ടം സുഗന്ധദ്രവ്യ പാര്‍ക്കിന് തറക്കല്ലിടും.
മലബാര്‍ കോഫി പൗഡര്‍ വിപണിയില്‍ ഇറക്കുന്നതിന് പ്രത്യേക കമ്പനിക്ക് രൂപം നല്‍കും.
പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമാകും.
സഹകരണ മേഖലയില്‍ 150 പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങും.
അവലോകന യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്തു.