നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടിയെ വിട്ടു തരില്ലെന്ന് പറഞ്ഞ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

പുതുപ്പള്ളി: നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടിയെ വിട്ടു തരില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സീറ്റു ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ നിന്ന് ഉമ്മൻചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തുന്നുണ്ട്. ഈ അവസരത്തിലാണ് പ്രവർത്തകരുടെ പ്രതിഷേധം.

ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടരുതെന്ന ആവശ്യവുമായാണ് പ്രവർത്തകർ തടിച്ചു കൂടിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ വാഹനം തടഞ്ഞു നിർത്തിയാണ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത്.ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറേണ്ട എന്ന ആവശ്യവുമായി വൈകാരികമായാണ് പ്രവർത്തകർ കാറിന് മുന്നിൽ തടിച്ചു കൂടിയത്. ഉമ്മൻചാണ്ടിയുടെ വീടിനു മുകളിൽ വരെ പ്രവർത്തകർ കയറി. ഒടുവിൽ വളരെ നേരം എടുത്താണ് ഉമ്മൻചാണ്ടിക്ക് വീടിനുള്ളിലേക്ക് കയറാൻ കഴിഞ്ഞത്.

പല പ്രവർത്തകരും ഇതിനിടയിൽ കാറിന് അടുത്തെത്തി കരയുക പോലുമുണ്ടായി. വനിതാ പ്രവർത്തകർ ഉൾപ്പെടെ  ഉമ്മൻചാണ്ടി എത്തുമ്പോൾ റോഡിൽ കുത്തി ഇരിക്കുകയായിരുന്നു. രാവിലെയാണ് ഉമ്മൻചാണ്ടി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയത്.തുടർന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്ക് എത്തുമ്പോഴാണ് വൈകാരിക സംഭവവികാസങ്ങൾ.