ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു,ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത,10 ജില്ലകളിൽ യെല്ലോ അലർട്ട്
ന്യൂഡൽഹി:ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ നാളെ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത.
കേരള-കര്‍ണാടക തീരങ്ങളിൽ നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.