പടിയൂരിലെ കോളനികൾ വായനയുടെ ലോകത്തേക്ക്
എസ് ടി കോളനികളിൽ വായനയുടെ വെളിച്ചം പകരുകയാണ് പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്ത്. കോളനികളിൽ വായനശാലകൾ ആരംഭിച്ച് കോളനി നിവാസികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനാണ് ശ്രമം. പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും പണം ചെലവഴിച്ച് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും രണ്ട് ഷെൽഫും അനുവദിച്ച് കോളനികളിൽ ലഭ്യമായിട്ടുള്ള കെട്ടിടങ്ങളിലാണ് വായനശാലകൾ പ്രവർത്തിക്കുക.
2021-22 സാമ്പത്തിക വർഷം മണ്ണേരി, ആര്യങ്കോട് എന്നീ കോളനികളിലാണ് വായനശാല സജ്ജമാക്കിയത്. ഉദ്ഘാടനം നടത്തി ഉടൻ ഇവയുടെ പ്രവർത്തനം ആരംഭിക്കും. 2022-23 സാമ്പത്തിക വർഷം രണ്ട് കോളനികളിലും 2023-24ൽ മൂന്ന് കോളനികളിലും വായനശാല തുടങ്ങാനാണ് ലക്ഷ്യം. തുടർന്ന് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള വായനശാലകളാക്കി മാറ്റും. മണ്ണേരി കോളനിയുടെ കമ്മ്യൂണിറ്റി ഹാളിലും ആര്യങ്കോട് നിലവിലുള്ള കെട്ടിടത്തിലുമാണ് വായനശാല ഒരുക്കിയത്. നടത്തിപ്പിനായി കോളനി നിവാസികളിൽ നിന്ന് തന്നെ ലൈബ്രേറിയനെ നിയമിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഹൈസ്‌കൂൾ മുതലുള്ള കുട്ടികൾക്ക് മത്സരം പരീക്ഷ പരിശീലനത്തിലുള്ള സൗകര്യം ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ പറഞ്ഞു.