പട്ടാപ്പകല്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ ആഭ്യന്തരമന്ത്രി എം സുചാരിത സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

ഗുണ്ടൂര്‍ നഗരത്തിലാണ് സംഭവം. ബൈക്കിലെത്തി വിദ്യാര്‍ഥിനിയെ ആക്രമിച്ച അജ്ഞാതന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ പ്രതിയെ സംബന്ധിച്ച്‌ നിര്‍ണായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

റോഡിലൂടെ വിദ്യാര്‍ഥിനി നടന്നുപോകുമ്പോഴാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതിനെ ചൊല്ലി വിദ്യാര്‍ഥിനിയും യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

പിന്നാലെ കത്തിയെടുത്ത് തുടര്‍ച്ചയായി കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. നാട്ടുകാര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.എന്നാല്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി. പ്രതിയെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചതായും ഉടന്‍ തന്നെ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തര മന്ത്രി പറഞ്ഞു.