പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി.

ആലപ്പുഴ: പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ആലപ്പുഴ ക്യാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് പരാതിക്കാർ. കഴിഞ്ഞ 14 ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ 4 ലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നുമായിരുന്നു ധാരണ. ചടങ്ങിൽ എ എം ആരിഫ് എം പി, എം എൽ എമാർ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. 

എന്നാൽ പരിപാടിക്ക് ഒരു ദിവസം മുൻപ് താൻ യുകെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റുവാനും ശ്രീനാഥ് ആവശ്യപ്പെട്ടു. ഈ നിർദേശത്തെ തുടർന്ന് 22 ലേക്ക് മാറ്റി. എന്നാൽ വീണ്ടും പരിപാടി മാറ്റിവെക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഉദ്ഘാടനത്തിന് ശേഷം ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് നടത്തുവാൻ കഴിഞ്ഞില്ല. ഇതുമൂലം ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പ്രചാരണത്തിനും ലക്ഷങ്ങൾ ചിലവായി. ഇതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിക്കെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകുമെന്ന് ക്ലബ്ബ് പാർട്ണർമാരായ സക്കീർ ഹുസ്സൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ പറഞ്ഞു