പതിനെട്ടുവയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്നു മുതൽ

തിരുവനന്തപുരം:പതിനെട്ടുവയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാത്രമാണ് കുത്തിവെപ്പ് നൽകുക. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് അതു സംബന്ധിച്ച സന്ദേശം മൊബൈൽഫോണിൽ ലഭിക്കും. 18 മുതൽ 44 വയസ്സുവരെയുള്ളവർക്കാണ് വാക്സിൻ നൽകുക.

ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണ് മുൻഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാൻ. ഇവർക്കായി പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തും. വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് എസ്.എം.എസ്., ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്‌ട്രേഷൻ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവർ ഓൺലൈൻ രജിസ്റ്റർ ചെയ്യണം.