പാസഞ്ചർ ട്രെയിനിൽ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രമണം

കൊച്ചി∙ കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചർ ട്രെയിനിൽ മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു സംഭവം. ചെങ്ങന്നൂരിൽ ജോലിക്കു പോകാനായി മുളന്തുരുത്തിയിൽനിന്നാണു യുവതി ട്രെയിനിൽ കയറിയത്. ഈ യുവതി മാത്രമാണ് കമ്പാർട്ട്മെന്റിൽ ആ സമയം ഉണ്ടായിരുന്നത്. കമ്പാർട്ട്മെന്റിലെ വാതിലുകൾ അടച്ചശേഷം യുവതിയെ ഇയാളുടെ പക്കലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങൾ അഴിച്ചുവാങ്ങിയത്.

മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടൻ തന്നെ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതിൽ തുറന്ന് പുറത്തേക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ട് താഴെ വീഴുകയും ചെയ്തു.