പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പോലീസ്

വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കി. ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നും തെരച്ചിൽ തുടരാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ ഈരാറ്റുപേട്ടയിലെ പി സി ജോർജിന്റെ വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയെന്ന് അറിഞ്ഞതോടെ പി സി ജോർജ് ഈരാറ്റുപേട്ടയിലെ വീട് വിട്ടിറങ്ങിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തെങ്കിലും ജോർജ്ജ് എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു മറുപടി.

അതേസമയം, ജോർജ് ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന ജോർജിനെ കണ്ടെത്താൻ തിരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനിടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ജോർജ് ശ്രമം തുടങ്ങിയിട്ടുണ്ട്. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പ്രതിപക്ഷം വിമർശനത്തിനു മൂർച്ചകൂട്ടി. ഇതോടെ തിരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചയോടെ ബന്ധുവിന്റെ കാറിൽ പി സി ജോർജ് വീടുവിട്ടിറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറച്ച് സമയത്തിൻ ശേഷം, കാർ മടങ്ങുന്നത് കാണാം. എന്നാൽ കാറിൽ, ജോർജില്ല.