പി.സി.ജോർജിനെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്കു മാറ്റി

വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ കോടതി റിമാൻഡ് ചെയ്ത മുൻ പൂഞ്ഞാർ എം.എൽ.എ, പി.സി ജോർജിനെ ജില്ലാ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പിസി ജോർജിന് നൽകുമെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ട് അറിയിച്ചു. സുരക്ഷയും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് പി.സി ജോർജിനെ ജില്ലാ ജയിലിൽ നിന്ന് അടുത്തുള്ള സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജില്ലാ ജയിലിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല.

രാവിലെ 10 മണിയോടെയാണ് പിസി ജോർജിനെ ജില്ലാ ജയിലിലേക്ക് കൊണ്ടുവന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, മറ്റ് തടവുകാർക്കൊപ്പം അദ്ദേഹത്തെ അഡ്മിഷൻ സെല്ലിൽ പാർപ്പിച്ചു. ഇവരെ നിരീക്ഷിക്കാൻ പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് പി.സി ജോർജിനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പിസി ജോർജ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും വാദം കേൾക്കാനായി കോടതി മാറ്റിവയ്ക്കുകയായിരുന്നു.