പി.സി ജോർജ് ജയിൽമോചിതനായി; അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പിസി ജോർജിനെ വിട്ടയച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൻ മുന്നിൽ പി.സി ജോർജിനെ ബി.ജെ.പി പ്രവർത്തകർ അഭിവാദ്യം ചെയ്തു.

പിസി ജോർജ്ജ് ഒരു ദിവസം ജയിലിൽ കിടന്നു. പിണറായി വിജയൻറെ നടപടികൾക്കെതിരായ മറുപടി അടുത്ത ദിവസം തൃക്കാക്കരയിൽ നൽകുമെന്നും ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പി.സി ജോർജ് പറഞ്ഞു. കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൻറെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പിസി ജോർജിൻറെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പി.സി ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് നന്ദാവനം എ.ആർ ക്യാമ്പിലെത്തിച്ച് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻറെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് അദ്ദേഹത്തിൻ ജാമ്യം അനുവദിച്ചു. പിന്നീട് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ കോടതിയെ സമീപിച്ചു. ഇതേതുടർന്ന് കോടതി ജാമ്യം റദ്ദാക്കി ജയിലിലേക്ക് അയച്ചു.