പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍

ഡല്‍ഹിയില്‍ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിനാണ് കേസെടുത്തത്. അഭിഭാഷകനായ വിനീത് ജിന്‍ഡാലിന്റെ പരാതിയിന്മേലാണ് കേസെടുത്തത്.

ട്വീറ്റിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ചിത്രം പങ്കുവച്ചതിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ചിത്രം നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ് നീക്കം ചെയ്യാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

കൊല്ലപ്പെട്ടുവെന്ന് ആരോപിക്കുന്ന ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഇവര്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാനാകും.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് അവളെ തിരിച്ചറിയാനിടയാക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കാനും ട്വീറ്റ് നീക്കം ചെയ്യാനും ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു.